സമസ്തയുടെ കാലിക മുന്നേറ്റത്തിൽ വിദ്യാഭ്യാസ പദ്ധതി വലിയ സ്വാധീനം ചൊലുത്തി: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Posted at 03-06-2024മലപ്പുറം: കാലിക മുന്നേറ്റങ്ങൾക്ക് ക്രിയാത്മക നിലമൊരുക്കുന്നതിൽ കേരള മുസ്ലിം പരിസരത്ത് വലിയ സ്വാധീനമായത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വ്യത്യസ്ത കാലങ്ങളിൽ രൂപപ്പെടുത്തിയ വിദ്യാഭ്യാസ പദ്ധതിയണെന്നും പരമ്പരാഗത വഴിയെ തിരസ്കരിക്കാതെ മുന്നേറിയ സമസ്തയുടെ മുഴുവൻ പ്രവർത്തനങ്ങളെയും സമൂഹം സ്വീകരിച്ചുവെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു. വിളയിൽ സി. ബി. എം. എസ് ക്യാമ്പസിൽ നടന്ന എസ്. എൻ. ഇ. സി പഠനാരംഭം മുഖദ്ദിമ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയുടെ ദേശീയ വിദ്യാഭ്യാസ പദ്ധതിയെ സമൂഹം ഏറ്റെടുത്തത് സമസ്തയുടെ വിദ്യാഭ്യാസ പദ്ധതിയുടെ സ്വീകാര്യതയാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഇ.സി പാരന്റ് എംപവർമെന്റ് പ്രോഗ്രാം ലോഞ്ചിങ്ങും അദ്ദേഹം നിർവഹിച്ചു. സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. SNEC അക്കാദമിക് കൗൺസിൽ കൺവീനർ ഡോ. ബഷീർ പനങ്ങാങ്ങര SNEC പാഠ്യ പദ്ധതി വിശദീകരിച്ചു . സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് പൂക്കോയ തങ്ങൾ ബാഅലവി, ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഡോ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര, കെ മോയിൻ കുട്ടി മാസ്റ്റർ, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, ഒ.പി.എം അഷ്‌റഫ്, ഷാജഹാൻ റഹ്‌മാനി കമ്പളക്കാട് തുടങ്ങിയവർ സംസാരിച്ചു. എസ് എൻ ഇസി അക്കാദമിക്ക കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി സ്വാഗതവും എം.പി മുഹമ്മദ് മുസ്‌ലിയാർ കടുങ്ങല്ലൂർ, നന്ദിയും പറഞ്ഞു.